വലിയ പുരോഗതിയുടെ കാലത്താണ് നാം ജീവിക്കുന്നത്; ദരിദ്ര രാജ്യങ്ങൾ എന്ന് വിളിക്കപ്പെടുന്ന പല രാജ്യങ്ങളും ദാരിദ്ര്യത്തിൽ നിന്ന് സ്വയം കരകയറുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇന്ത്യയിലും ആഫ്രിക്കയിലും ഇത് സംഭവിക്കുന്നു. ബാക്കിയുള്ളവരെ പിന്നോട്ടടിക്കുന്നത് എന്താണെന്ന് ചിന്തിക്കാൻ അത്തരം വിജയം, പലരെയും പ്രേരിപ്പിക്കുന്നു.
ഇന്ന് വാർത്തകളിൽ, ആഫ്രിക്കൻ നേതാവായ പോൾ കഗമേയുടെ രസകരമായ ഒരു പരാമർശം ഞാൻ വായിച്ചു. താൻ, മാതാവ് പ്രത്യക്ഷപ്പെട്ട ഒരു സ്ഥലത്തു തീർത്ഥാടനം പോയ ആളുകളെ ജയിലിൽ അടക്കുമെന്നും, “ദാരിദ്ര്യ മനോഭാവം അവരെ വിട്ടുപോയതിന് ശേഷം” മാത്രമേ അവരെ വിട്ടയക്കൂ എന്നും ആണ് അദ്ദേഹം പറഞ്ഞത്. പോൾ കഗാമെ ദാരിദ്ര്യവും മതവിശ്വാസങ്ങളും തമ്മിൽ ഒരു സമാന്തരം വരച്ചുകാട്ടുകയായിരുന്നു.
ഈ ലേഖനം ആ ആശയം ചർച്ച ചെയ്യുന്നു - “ദാരിദ്ര്യ മാനസികാവസ്ഥ”. അത് എത്രത്തോളം യഥാർത്ഥമാണ്? ക്രിസ്തുമതം അത്തരമൊരു മാനസികാവസ്ഥ നിലനിർത്തുന്നു എന്നത് ശരിയാണോ? വികസനത്തിനും പുരോഗതിക്കും ആത്യന്തികമായ തടസ്സം മതമാണോ?
നാം ദാരിദ്ര്യത്തെ എങ്ങനെ മനസ്സിലാക്കണം?
ദാരിദ്ര്യം മനസ്സിലാക്കി നമുക്ക് തുടങ്ങാം. സന്തോഷകരമായ ജീവിതത്തിന് മാർഗമില്ലാത്തവനാണ് ദരിദ്രൻ. ഉദാഹരണത്തിന്, തന്റെ കുട്ടികളെ കോളേജിൽ അയയ്ക്കാൻ ആഗ്രഹിക്കുന്ന, എന്നാൽ അത് താങ്ങാൻ കഴിയാത്ത ഒരു പിതാവിനെ പരിഗണിക്കുക. അവൻ അസന്തുഷ്ടനും ദരിദ്രനുമാണ്. അല്ലെങ്കിൽ ഭാര്യക്ക് മാല വാങ്ങാൻ പണമില്ലാത്ത ഭർത്താവ്. അവൻ അസന്തുഷ്ടനും ദരിദ്രനുമാണ്. അല്ലെങ്കിൽ പണമില്ലാത്തതിനാൽ പ്രായമായ പിതാവിന് മരുന്ന് വാങ്ങാൻ കഴിയാത്ത മകൾ. അവൾ അസന്തുഷ്ടയും ദരിദ്രയുമാണ്.
മുകളിൽ സൂചിപ്പിച്ച എല്ലാ സാഹചര്യങ്ങളിലും, വ്യക്തി തന്റെ പ്രശ്നത്തിന് ഒരു പരിഹാരം തേടുകയാണ്. പലപ്പോഴും അതിനുള്ള പരിഹാരം മതിയായ പണം സമ്പാദിക്കുക എന്നതാണ്. എന്നിരിക്കിലും, പണമുണ്ടാക്കാനുള്ള നിയമങ്ങൾ തീരുമാനിക്കുന്നത് സമ്പദ്‌വ്യവസ്ഥയാണ്. ഉദാഹരണത്തിന്, നിങ്ങൾ കുറഞ്ഞ നൈപുണ്യമുള്ള ജോലിയിൽ പ്രവർത്തിക്കുകയാണെങ്കിൽ, നിങ്ങൾക്ക് കുറച്ച് പണം സമ്പാദിക്കാനേ കഴിയൂ. നിങ്ങൾ ഒരു സംരംഭകനാണെങ്കിൽ, നിങ്ങളുടെ ബിസിനസ്സ് പരാജയപ്പെട്ടാൽ, ആരും നിങ്ങൾക്ക് നഷ്ടപരിഹാരം നൽകില്ല. ഇതുപോലെയുള്ള നിയമങ്ങൾ. അതിനാൽ, സമ്പദ്‌വ്യവസ്ഥയുടെ നിയമങ്ങൾ പാലിച്ച് തങ്ങൾക്കു ആവശ്യമുള്ള പണം സമ്പാദിക്കുക എന്നതാണ് വ്യക്തിയുടെ മുമ്പിലുള്ള ചുമതല.
ദരിദ്രനായിരിക്കുക എന്നതിന്റെ അർത്ഥമെന്താണെന്നും, ദാരിദ്ര്യത്തിൽ നിന്ന് കരകയറുക എന്നാൽ എന്താണ് അർത്ഥമാക്കുന്നത് എന്നുമുള്ള അവശ്യ വിവരണം നമ്മൾ ഇതുവരെ പരിശോധിച്ചു. അപ്പോൾ, വിശ്വാസവും മതവും എവിടെയാണ് വരുന്നത്? ചിലർ സൂചിപ്പിക്കുന്നത് പോലെ, ഇത് ആളുകളെ വിജയിക്കുന്നതിൽ നിന്ന് തടയുന്നുണ്ടോ?
എന്തുകൊണ്ടാണ് മതം തെറ്റിദ്ധരിക്കപ്പെടുന്നത്?
വിശ്വാസവും മതവും വിജയത്തിന് വിഘാതമാണെന്നു കരുതുവാൻ ചിലരെ പ്രേരിപ്പിക്കുന്നതെന്താണെന്ന് നമുക്ക് ചിന്തിക്കാം.
പണം സമ്പാദിക്കാനോ സമ്പത്തുണ്ടാക്കാനോ ശ്രമിക്കുന്ന ഒരു വ്യക്തിക്ക് മുന്നിൽ വിശ്വാസം ചില നിബന്ധനകൾ വെക്കുന്നു എന്നതാണ് ഈ ആരോപണത്തിന്റെ പ്രധാന കാരണം എന്ന് ഞാൻ കരുതുന്നു.
അങ്ങനെ, നിങ്ങൾ ചില നിബന്ധനകളാൽ ബന്ദിക്കപ്പെടുകയും, നിങ്ങളുടെ ബിസിനസ് പ്രതിയോഗികൾ അല്ലാതിരിക്കുകയും ചെയ്‌താൽ, സ്വാഭാവികമായും നിങ്ങൾ പിറകോട്ടു പോകുവാൻ സാധ്യതയുണ്ട്. ഇതാണ് മേല്പറഞ്ഞ ആക്ഷേപത്തിന് പിന്നിലുള്ളത്.
പണമുണ്ടാക്കാൻ ശ്രമിക്കുന്ന ഒരു വ്യക്തിയുടെ മുന്നിൽ മതം വയ്ക്കുന്ന ഈ വ്യവസ്ഥകൾ എന്താണ്? ഈ വ്യവസ്ഥകൾ പിന്തിരിപ്പനാണോ പുരോഗമനപരമാണോ?
1. നിങ്ങൾ പണത്തെ സ്നേഹിക്കരുത്
ബിസിനസ്സിൽ വിജയിക്കാൻ, പണ സമ്പാദനം തീർച്ചയായും നിങ്ങളുടെ ലക്‌ഷ്യം ആയിരിക്കണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പണം സമ്പാദിക്കുന്നത് ഒരു ബിസിനസ്സിന്റെ പ്രഥമ ലക്ഷ്യം അല്ലാതെവന്നാൽ അത് പരാജയപ്പെടും. അതിനാൽ, എല്ലാ ബിസിനസുകാരും, അവരുടെ വിശ്വാസമോ മതമോ ഏതായിരുന്നാലും പണം സമ്പാദിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. മതം ഇതിന് എതിരല്ല. എന്നാൽ പണത്തെ സ്നേഹിക്കാതെ അത് ചെയ്യണമെന്നാണ് മതം പറയുന്നത്. അതായത് പണത്തെ സ്നേഹിക്കാതെ പണമുണ്ടാക്കണം !
2. എപ്പോഴും, നിങ്ങൾക്ക് ദൈവം എന്താണ് നൽകാൻ ആഗ്രഹിക്കുന്നതെന്ന് ചിന്തിക്കുക
ഒരു വ്യക്തി തന്റെ ലക്ഷ്യങ്ങൾക്കായി എത്ര ദൂരം പോകാൻ തയ്യാറാണ്? എക്കാലത്തും ഉത്തരം കണ്ടെത്തേണ്ട ഒരു ചോദ്യമാണിത്. എല്ലാ ലക്ഷ്യങ്ങളും അശ്രാന്തമായി പിന്തുടരുന്നത് മൂല്യവത്താണോ അതോ മറ്റൊരു വഴിയേ പോകുന്നതാണോ നല്ലതു ? ഇത് എങ്ങനെ തീരുമാനിക്കും ?
ഈ രണ്ടാമത്തെ വ്യവസ്ഥ നിർദ്ദേശിക്കുന്നത് ഇതാണ് : പണം സമ്പാദിക്കാൻ ശ്രമിക്കുന്ന ഒരു വ്യക്തി താൻ നേടാൻ ആഗ്രഹിക്കുന്നത് എന്താണ് എന്നതിലുപരി, ദൈവം എന്താണ് ആഗ്രഹിക്കുന്നത് എന്നതിന് മുൻഗണന കൊടുക്കണം. ഇത് ഏതു ലക്ഷ്യത്തിനുവേണ്ടി അധ്വാനിക്കണം എന്നും, ഏതു വിട്ടുകളയണം എന്നും തീരുമാനിക്കുവാൻ സഹായിക്കും.
എന്നാൽ, അത്തരമൊരു മനോഭാവം സ്വായത്തമാക്കാൻ, വിനയം, കൃതജ്ഞത, ഔദാര്യം എന്നീ പുണ്യങ്ങൾ ഒരു വ്യക്തിയിൽ ആവശ്യമാണ്. ആത്യന്തികമായി ദൈവത്തിന് കീഴടങ്ങാനുള്ള മനസ്സ് ഉണ്ടാകണം.
കൂടാതെ, ഈ പുണ്യങ്ങളെ പരിപോഷിപ്പിക്കുന്നതിലൂടെ, മേൽപറഞ്ഞ വ്യവസ്ഥകൾ ഒരു വ്യക്തിയെ സമൂലമായ സ്വയം പര്യാപ്തതയിൽ നിന്നും സ്വയം അഭിനിവേശത്തിൽ നിന്നും സംരക്ഷിക്കും.
വചനം പഠിക്കുന്ന എല്ലാവര്ക്കും അറിവുള്ളതുപോലെ, അസന്തുഷ്ടിയുടെ പ്രധാന കാരണം ഇപ്രകാരമുള്ള സ്വയം-ആസക്തിയാണ് (കൂടുതൽ ക്ലാസിക്കൽ ഭാഷയിൽ പറഞ്ഞാൽ, സ്വയം-ആസക്തി, incurvatus in se, സാത്താന്റെ സ്വഭാവമാണ്)
അങ്ങനെ, വിശ്വാസവും മതവും ഒരു വ്യക്തിക്ക് സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള ശരിയായ മാനസിക ചട്ടക്കൂട് നൽകുന്നു. ആ ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തി തീർച്ചയായും സമ്പദ്‌വ്യവസ്ഥയിലെ ഒരു സജീവമായ പങ്കാളിയും നന്മയുടെ ശക്തിയും ആയിരിക്കുകയും, ജീവിതത്തിൽ സന്തോഷം കൈവരിക്കുകയും ചെയ്യും. അതാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, വിശ്വാസവും മതവും നിങ്ങളുടെ ഏറ്റവും നല്ല സുഹൃത്തുക്കളാണെന്ന് തീർച്ച.